വഴിമാറി നില്‍ക്കുന്നു മിഥുനം പതുക്കവേ
കര്‍ക്കിടക്കാറിനെ കാണാന്‍ തിടുക്കമായ്
ധരണിയുമാശിച്ചുനില്‍ക്കുന്നു ചാരത്ത്
കര്‍ക്കിടകം വരാനെന്തിത്ര താമസം
പച്ചിലച്ചാര്‍ത്തുകളണിയേണ്ട പൃഥ്വിയും
വിങ്ങിക്കരയുന്നു മഞ്ഞളിച്ചങ്ങനെ
കരിവണ്ടുപോലൊത്ത മഴമുകില്‍ക്കൂട്ടങ്ങ-
ളര്‍ക്കനെപ്പേടിച്ചു ദൂരെയൊളിച്ചുവോ
കരിനാഗം പോലങ്ങു ചീറ്റേണ്ട പേമാരി-
യലസനായെവിടെയോ പോയിക്കിടക്കുന്നു
കര്‍ക്കിടക്കാലത്തു പാടുന്ന വേഴാമ്പല്‍
ദാഹിച്ചിരിക്കുന്നു പൂമരക്കൊമ്പിലായ്
കരകവിഞ്ഞൊഴുകേണ്ട തോടും പുഴകളും
കരിമണല്‍ക്കൂമ്പാരമായി പതുക്കവേ
മഴമുത്തു വാരേണ്ട ചേമ്പിലക്കൂട്ടവും
തലതാഴ്ത്തിനില്‍ക്കുന്നു നീളെ തൊടിയിലായ്
സൂര്യനെത്തിരയേണ്ട കര്‍ക്കിടക്കാലത്ത്
സൂര്യന്‍ ജ്വലിച്ചങ്ങു നില്‍ക്കുന്നു മാനത്ത്
പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യേണ്ട പുഴയിന്ന്
കൊയ്ത്തുകഴിഞ്ഞൊരു പാടം പോല്‍ ശൂന്യമായ്
മരതകപ്രഭയാല്‍ ചിരിക്കേണ്ട ഞാറുകള്‍
വാടിക്കരിയുന്നു കര്‍ക്കിടച്ചൂടിനാല്‍
കസ്തൂരി പൂശേണ്ട കൊച്ചുവരമ്പുകള്‍
മാരിയെ കാണാഞ്ഞു മാനത്തുനോക്കുന്നു
ആടിത്തിമിര്‍ക്കേണ്ട മയിലിന്റെ കൂട്ടവും
വാര്‍മേഘം കാണാഞ്ഞു കണ്ണീരുവാര്‍ക്കുന്നു
മഴയത്തു താളത്തില്‍ കരയുന്ന തവളകള്‍
മഴയില്ലാക്കാലത്തെ മെല്ലെ ശപിക്കുന്നു
വെറ്റിലച്ചെല്ലമെടുത്തൊരു മുത്തശ്ശി
പല്ലില്ലാമോണയും കാട്ടിപ്പറയുന്നു
പഴമകളൊന്നായ് മാഞ്ഞങ്ങു പോയല്ലോ
കര്‍ക്കിടവുമതിന്‍ കൂടെയിറങ്ങിയോ
ഗിരിജ ടി (ഹിന്ദി അധ്യാപിക)
കല്ലടി എച്ച് എസ് എസ്
കുമരംപുത്തൂര്‍ , പാലക്കാട്