എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 18, 2012

ആശംസ - കവിത





താരാഗണങ്ങള്‍ നിന്‍ മിഴികള്‍ക്ക് മുന്നിലെ
ഘോരമാമന്ധകാരത്തെ നീക്കീടുമ്പോള്‍
മേഘപൂരങ്ങള്‍ നിന്നുള്ളിന്റെയുള്ളിലെ
ഊഷരഭൂമിയില്‍ വര്‍ഷത്തെ വീഴ്ത്തിടും

പുഷ്പവൃന്ദങ്ങള്‍ നിന്‍ സദ്ഭാവനയ്ക്കെന്നും
സ്വപ്ന സദൃശമാം തല്പമൊരുക്കിടും
വിഹഗങ്ങള്‍ നിന്‍പ്രേമദൂതുമായ്‌ നീലിച്ച
വിണ്ണിന്റെമാറിലുയര്‍ന്നുപറന്നിടും

വര്‍ണ്ണങ്ങള്‍ നിന്നുടെ ജീവിത ചിത്രത്തില്‍
വര്‍ണ്ണനാതീതമായ് ആളിപ്പടര്‍ന്നിടും
രാഗങ്ങള്‍ നിന്‍ ജീവഗാനത്തിന്‍ ധാരയില്‍
രാഗാര്‍ദ്ര ഭാവങ്ങള്‍ അലിയിച്ചു ചേര്‍ത്തിടും

മന്ദാനിലന്‍ നിന്റെ അന്തരംഗത്തിലെ
മൌനാനുഭൂതികള്‍ക്കാശ്വാസമേകിടും
മഞ്ജുദിവാകര ബിംബം മനസ്സിലെ
മഞ്ഞുമലകള്‍ ഉരുക്കിയൊഴുക്കിടും

രാത്രിതന്‍ തേരിലുയര്‍ന്നുവരും ചന്ദ്ര-
നാളങ്ങള്‍ മനസ്സിന്നിരുട്ടിനെ മാറ്റിടും
സായന്തനങ്ങള്‍നിന്‍ജന്മസൌഭാഗ്യത്തെ
സാര്‍ഥകമാക്കിടാന്‍ സാക്ഷിയായ് നിന്നിടും


അനിതാശരത്
മലയാളം അധ്യാപിക
ഗവ. ഹൈസ്കൂള്‍, കാലടി
തിരുവനന്തപുരം

Jul 6, 2012

സൗന്ദര്യപൂജ - പഠനം ' വാക്കുകള്‍ കൊണ്ടുമെനഞ്ഞ ഭാവഗോപുരം




"ലോലവണ്ടിണ്ടപോലുള്ള വാനിന്‍
നീലിമയിങ്കല്‍ നീരാടുവാനും
വിണ്ണഴകിന്‍ മുഖത്തൂര്‍ന്നുവീഴും
കണ്ണുനീര്‍ ചുംബിച്ചെടുക്കുവാനും
വാനിന്റെ ദിവ്യസന്ദേശമേന്തും
ഗാനം വിവര്‍ത്തനം ചെയ്യുവാനും
അല്ലാതെ ഞാനറിഞ്ഞീലയൊന്നും
അല്ലാതെ ഞാന്‍ പഠിച്ചീലയൊന്നും
പാവനപ്രേമത്തിന്‍ പൂജയാണെന്‍
ജീവിതഗാനപ്രപഞ്ചമെല്ലാം.”
-പി. കുഞ്ഞിരാമന്‍ നായര്‍
ഭാവബിംബങ്ങളും പുരാവൃത്തങ്ങളും കൊണ്ട് സമൃദ്ധമാണ് പി. കുഞ്ഞിരാമന്‍നായരുടെ കവിതകള്‍. അനായാസമായ കവിതാ നിര്‍വ്വചനങ്ങളിലും വ്യവസ്ഥാപിതമായ കവിതാവായനകളിലും ഒതുങ്ങിനില്‍ക്കാത്തതാണ് പി.യുടെ കാവ്യലോകം. കവിതയും ജീവിതവും ഒന്നായി അനുഭവിച്ച പി.യുടെ പ്രകൃതിസൗന്ദര്യത്തിന്റെ വിവര്‍ത്തനമാണ് 'സൗന്ദര്യപൂജ'. എറണാകുളം പരിഷത്തില്‍ വച്ച് വിജയദശമിനാളില്‍ എഴുതിവായിച്ച ഈ കവിത പ്രകൃതികീര്‍ത്തനവും നവരാത്രികീര്‍ത്തനവുമാണ്. പ്രത്യേകമായി ഒരു പ്രമേയം കടന്നുവരാത്ത മുന്നൂറോളം വരികളുള്ള ഈ കവിതയില്‍ പ്രകൃതിയ്ക്ക് മാനുഷികഭാവം കൈവരുന്നുണ്ട്. വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ മാനുഷികഭാവങ്ങളുടെ സങ്കലനമായി കവിത പരിണമിക്കുന്നു. സുദീര്‍ഘമായ ഈ കവിതയുടെ ഭാവത്തിന് കോട്ടംവരാത്തവിധം വെട്ടിയൊരുക്കിയ ഏതാനും വരികള്‍മാത്രമാണ് പാഠപുസ്തകത്തിലെ 'സൗന്ദര്യപൂജ'.
പൂപ്പൊലിപ്പാട്ടുകളാലും പൂക്കളങ്ങളാലും നിറഞ്ഞുനിന്ന ചിങ്ങമാസത്തിന്റെ വേര്‍പാടിലാണ് കവിതയുടെ തുടക്കം. ഓണപ്പൂക്കളങ്ങളുടെ വര്‍ണ്ണവൈവിദ്ധ്യവും പ്രഭാതസന്ധ്യയുടെ വര്‍ണ്ണവിസ്മയവും ഇവിടെ മേളിക്കുന്നു. ആകാശവും പ്രകൃതിയും നിറക്കൂട്ടുകള്‍ ചേര്‍ത്ത് ഒന്നാകുന്ന സൗന്ദര്യമേളനം പ്രപഞ്ചസൗന്ദര്യമായി ഒളിചിതറുന്നു. അകലെനിന്ന് അണിഞ്ഞൊരുങ്ങിവരുന്ന സുപ്രഭാതത്തിന്റെ പദവിന്യാസത്തിന് പി. എന്നും കാതോര്‍ത്തിരുന്നു.

Jul 2, 2012

അക്കരെപ്പച്ച - കവിത




രണ്ടറ്റത്താണ് നമ്മള്‍
തുഴയേണ്ട വഴിറിയില്ല
പങ്കായം പതറിയാല്‍
ചുഴിവന്നു വിഴുങ്ങും
അമരത്ത് നീ
അണിയത്തു ഞാന്‍
അങ്ങോട്ടുമിങ്ങോട്ടും
തന്നിഷ്ടം തുഴഞ്ഞ്
നിന്നേടത്തുതന്നെയായി
വെയിലും മഴയും
മഞ്ഞും ശീതക്കാറ്റും
ഏറെ കടന്നുപോയി.
ഒരേ ഇരിപ്പുതന്നെ...
നീ സത്യവതിയും
ഞാന്‍ പരാശരനുമായില്ല.
ഒരു വഞ്ചിപ്പാട്ടും മൂളിയില്ല.
നമ്മെ കടന്നുപോയില്ല -
ഒരു വള്ളംകളി..
ഇങ്ങനെയെങ്കില്‍
എങ്ങനെയെത്തും
അക്കരെ...
അക്കരെയല്ലോ
മദനോത്സവം....
പവിത്രന്‍ മണാട്ട്,
മലയാളം അദ്ധ്യാപകന്‍,
ചിറ്റാരിപ്പറമ്പ് ജി. എച്ച്.എസ്സ്.എസ്.,
കണ്ണൂര്‍.

Jun 27, 2012

എന്റെ സ്കൂള്‍ ദിനങ്ങള്‍ ഭാഗം രണ്ട് - അസീസ് കെ. എസ്.




എന്‍റെ സ്കൂള്‍ ദിനങ്ങള്‍ വായിച്ച എല്ലാവ൪ക്കും നന്ദി. ഞാന്‍ ഈ ബ്ലോഗില്‍ വന്നകാലം മുതല്‍ എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള പ്രിയപ്പെട്ട ശ്രീകുമാ൪ സാറിനും ഷംല ടീച്ചറിനും പ്രത്യേകം നന്ദി. ഞാന്‍ ആദരിക്കപ്പെട്ടിരിക്കുന്നു, നിങ്ങളാല്‍. സ്കൂള്‍ തുറക്കുന്നതിനുമുമ്പ് ധൃതികൂട്ടി, തട്ടിക്കൂട്ടി ഒരു ലേഖനം അയച്ചപ്പോള്‍ ചെറുതായിപ്പോയതാണ് സാ൪. പൂ൪ത്തിയായത് അയച്ചുകൊടുത്തതാണ്.
കഥ തുടരട്ടെ. ഞാന്‍ 1973 ലാണ് എസ്. എസ്. എല്‍. സി. പാസാകുന്ന‌ത്. അതിനു ശേഷം സെന്‍റ് ആല്‍ബ൪ട്ട്സിലും മഹാരാജാസ് കോളേജിലുമായി ഏഴുകൊല്ലം പഠിച്ചു. അപ്ലൈഡ് കെമിസ്ട്രിയായിരുന്നു. 1980 ല്‍ പഠ‌നം പൂ൪ത്തിയാക്കി ഒരു നാഷണലൈസ്ഡ് ബാങ്കില്‍ ജോലിക്കു കയറി. ഒന്നാം ക്ലാസ്ല് മുതല്‍ കേരളത്തിലെ വിദ്യാഭ്യാസത്തെ നന്നായി അറിയുവാന്‍ എന്റെ പഠനം വഴിയും എന്റെ രണ്ടു മക്കളുടെ പഠനം വഴിയും എനിക്കു കഴിഞ്ഞിട്ടുണ്ട്. പ്രിഡിഗ്രി അന്ന് കോളേജിലാണ്. ഞാന്‍ പത്താം ക്ലാസ് പാസ്സായത് അല്‍ഫറൂഖ്യാ ഹൈസ്കൂളില്‍ നിന്നാണ്. ഞാനും ഇപ്പോള്‍ അവിടെത്തന്നെ അദ്ധ്യാപകനായ ഐന്‍സ്റ്റൈനും ഒരേ ബാച്ചിലാണ് പാസ്സായി പുറത്തിറങ്ങിയത്.
എന്നെപ്പോലുള്ള‌ വ്യ‌ക്തിക‌ള്‍ക്ക് പ‌ഠിക്കുക‌യ‌ല്ലാതെ വേറെ വ‌ഴിയുണ്ടായിരുന്നില്ല ഷംല ടീച്ച൪. സ്കൂള്‍ ഞ‌ങ്ങ‌ള്‍ക്ക് എല്ലാമെല്ലാമായിരുന്നു. ഭൂവുടമയുടെ മകനും കുടികിടപ്പുകാരന്‍റെ മകനും ധനികനും ദരിദ്രനും മുസ്ലിമും നായ‌രും പുല‌യ‌നും ഈഴവനും കൃസ്ത്യാനിയുമൊക്കെ ഒരമ്മപെറ്റ മക്കളെപ്പോലെ ഒരുമിച്ചിരുന്നു വിദ്യയഭ്യസിച്ചിരുന്ന സ്ഥ‌ലം നമ്മുടെ സ൪ക്കാ൪ പള്ളിക്കൂടമല്ലാതെ വേറെ ഏതാണുള്ളത്? ജാതീയത, വ൪ഗ്ഗീയത എന്നതൊക്കെ അന്ന് ഞങ്ങളുടെ ഹൃദയത്തില്‍ പോലും പോലുമുണ്ടായിരുന്നില്ല. അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി അതിനുള്ളീലാനന്ദ ദീപംകൊളുത്തി... എന്ന ഈശ്വരപ്രാ൪ത്ഥനയോടെയാണ് അന്ന് ഞങ്ങളുടെ സ്കൂള്‍ തുടങ്ങുന്നത്. വൈകിട്ട് ജനഗണമനയോടെ അവസാനിക്കുന്നു. ഭാരതത്തിലെ പുണ്യനദിയായ, മഹത്തായ സംസ്കാരം പേരില്‍ ഏറ്റുവാങ്ങുന്ന ഗംഗ എന്നു പേരുള്ള ഒരു വീട്ടില്‍ താമസിക്കുവാന്‍ പേരുമാറ്റേണ്ടി വന്ന ഇസ്ലാമിക ഫണ്ടമെന്‍റലിസ്റ്റായ ഒരു മന്ത്രി വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്നുവെന്നോ൪ക്കുമ്പോള്‍ ഞാന്‍ മാത്രമല്ല എന്റെ കാലഘട്ടത്തിലെ സ൪ക്കാ൪ പള്ളിക്കൂടത്തില്‍ പഠിച്ച എല്ലാ കുട്ടികളും ലജ്ജയോടെ തലതാഴ്ത്തുന്നു. സ൪ക്കാ൪ പള്ളിക്കൂടം കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലും നിലനില്‍ക്കണം എന്നതിന് ഈ ഒറ്റക്കാരണം മാത്രം മതി.

Jun 25, 2012

കൈരളി കഥോത്സവം 2012 - 2013


 കൈരളി കഥോത്സവം 2012 - 2013 

സംസ്ഥാനതലത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കഥാമത്സരം നടത്തുന്നു. മലപ്പുറം എസ് എസ് എം എച്ച് എസ് എസ്സിലെ വിദ്യാരംഗം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഈ മത്സരം നടത്തപ്പെടുന്നത്. ഇത്തരത്തില്‍ ഒരു മത്സരം നടത്തുന്ന വിവരം 'വിദ്യാരംഗം ബ്ലോഗി'ലൂടെ നിങ്ങളെ അറിയിക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. എം ടി വാസുദേവന്‍ നായര്‍, സി രാധാകൃഷ്ണന്‍, കെ പി രാമനുണ്ണി തുടങ്ങിയവര്‍ വിധിനിര്‍ണ്ണയം നടത്തി തിരഞ്ഞെടുക്കുന്ന കഥകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 2000 , 1500 , 1000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കുന്നു. കൂടാതെ സമ്മാനാര്‍ഹമായ രചനകള്‍ക്കൊപ്പം പ്രോത്സാഹനാര്‍ഹാമായ രചനകള്‍കൂടി ഉള്‍പ്പെടുത്തി 'പൂത്തുമ്പിത്തുള്ളല്‍' എന്ന പേരില്‍ ഒരു കഥാസമാഹാരം കൂടി പ്രസിദ്ധീകരിക്കും.
മലപ്പുറം ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ രചനകള്‍ സമാഹരിച്ച് ഇതിനോടകം നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇവയില്‍ 'സര്‍ഗവസന്ത'വും 'തൂവല്‍മഴ'യും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഹൈസ്കൂളുകള്‍, ടി ടി ഐ കള്‍, യു പി സ്കൂളുകള്‍ എന്നിവിടങ്ങളിലെ ലൈബ്രറികളിലേക്ക്  ഡി പി ഐ തിരഞ്ഞെടുക്കുകയുണ്ടായി. ഇത്തരം പ്രോത്സാഹനമാണ് സംസ്ഥാനതലത്തില്‍ ഒരു കഥാമത്സരം നടത്തുന്നതിലേക്ക് നയിച്ചത്. താങ്കളുടെ സ്കൂളില്‍ നിന്നും മത്സരത്തിലൂടെയും മറ്റും തിരഞ്ഞെടുക്കുന്ന ഒന്നും രണ്ടും സ്ഥാനംലഭിച്ച കഥകള്‍ ഞങ്ങള്‍ക്ക് അയച്ചുതന്ന് ഈ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം പങ്കാളിയാവുമെന്ന് പ്രതീക്ഷിക്കുന്നു. രചനകള്‍ തപാല്‍ മുഖേന 'THE HEAD MASTER, SSMHSS, THEYYALINGAL P.O., THANUR (Via), MALAPPURAM . 676 320' എന്ന വിലാസത്തിലോ, 'theyyalingalssmhss@gmail.com' എന്ന ഇമെയില്‍ വിലാസത്തിലോ സ്കൂള്‍ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം 2012 ജൂലൈ 5-നു മുന്‍പായി അയച്ചുതരേണ്ടതാണ് . കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് 0494 2405211 എന്ന നമ്പരില്‍ വിളിക്കുക.