എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 6, 2012

സച്ചിദാനന്ദന്റെ 'മലയാളം' - ഒരുവിശകലനക്കുറിപ്പ്




നമ്മുടെ ഭാഷയെക്കുറിച്ച് മലയാളത്തിലുണ്ടായ ഏറ്റവും ഗഹനവും ദീര്‍ഘവുമായ കവിതയാണ് മലയാളം. 'ഓരോ പുതിയ പുസ്തകവും എല്ലായ്പ്പോഴും പുതിയ പുസ്തകമായി' മാറുന്നത് വ്യാഖ്യാനങ്ങളിലൂടെയാണ്. ഭാഷയുടെയും സംസ്കൃതിയുടെയും മനുഷ്യജീവിതാവസ്ഥകളുടെയും ഭാഗമായി മലയാളമെന്ന കവിതയെ വ്യത്യസ്തതലങ്ങളിലൂടെ വ്യാഖ്യാനിക്കാം. ദേശഭേദം പോലെ ഓരോരുത്തര്‍ക്കും 'മലയാളം' ഓരോ മലയാളമായി അനുഭവപ്പെടും. എന്റെ മലയാളവും നിങ്ങളുടെ മലയാളവും ചേര്‍ന്ന് കൂട്ടിച്ചേര്‍ക്കലുകളിലൂടെ ഇത് നമ്മുടെ മലയാളമായി മാറട്ടെ.


ആത്മാവില്‍ വേരോടുന്ന മൊഴിമലയാളം
സച്ചിദാനന്ദന്റെ 'മലയാളം' - ഒരുവിശകലനക്കുറിപ്പ്
-ഡോ. ഷംല യു.

മാതൃഭാഷയും മനുഷ്യനും തമ്മിലുള്ള ജീവത്ബന്ധം ആവിഷ്കരിക്കുന്ന നിരവധി വ്യാഖ്യാനസാധ്യതകളുള്ള കവിതയാണ് സച്ചിദാനന്ദന്റെ മലയാളം. കേരളപ്രകൃതിയുമായും സംസ്കാരവുമായും ഗ്രാമീണതയുമായും ബന്ധപ്പെട്ടുനില്‍ക്കുന്ന അനവധി പ്രതീകങ്ങളിലൂടെ മാതൃഭാഷയുടെ വിശാലമായ ആകാശങ്ങളെ സച്ചിദാനന്ദന്‍ കാവ്യാത്മകവും സൗന്ദര്യാത്മകവുമായ വരികളിലൂടെ അടയാളപ്പെടുത്തുന്നു. സച്ചിദാനന്ദന്റെ തന്നെ വാക്കുകളില്‍ "ആത്മചരിത്രം, ഭാഷാചരിത്രം, കാവ്യചരിത്രം ഇങ്ങനെ മൂന്നിഴകള്‍ അതിനുണ്ട്. ഓര്‍മ്മകളില്‍ പണിതെടുത്ത ഒരു ശില്പമാണത്. ഒരു ഏഴുനിലഗോപുരം. ബാല്യം മുതല്‍ ഇന്നുവരെയുള്ള അവസ്ഥകളിലേയ്ക്കുള്ള ഒരു സഞ്ചാരം അതിലുണ്ട്. ഘടനാപരമായി അതൊരു പരീക്ഷണമാണ്.....”( മലയാളം - സച്ചിദാനന്ദന്‍, പേജ് 98). മലയാളം എന്ന കവിതാസമാഹാരത്തില്‍ ഏഴു ഖണ്ഡങ്ങളിലായി അവതരിപ്പിച്ചിട്ടുള്ള ദീര്‍ഘമായ കവിതയുടെ ഒന്നാം ഖണ്ഡമാണ് പാഠപുസ്തകത്തിലെ മലയാളം.
"ഭൂമിയുടെ പുഴകള്‍ക്കും കനികള്‍ക്കും മുമ്പേ
എന്നെ അമൃതൂട്ടിയിരുന്ന പൊക്കിള്‍ക്കൊടി"
എന്ന വരികളില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞ കുഞ്ഞിന് അതിജീവനത്തിലുള്ള ഔഷധങ്ങള്‍ നല്‍കുന്ന അമ്മയുടെ സ്നേഹമായി മാതൃഭാഷയെ സങ്കല്‍പ്പിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ജീവിതം കുഞ്ഞിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ടതാണ്. ഏതു ദുര്‍ഘടങ്ങളെയും പ്രതിസന്ധികളെയും അമ്മ അതിജീവിക്കുന്നത് കുഞ്ഞിനോടുള്ള സ്നേഹവായ്പുകൊണ്ടാണ്. അമ്മയുടെ ചിന്തകളും സ്വപ്നങ്ങളും കുഞ്ഞിനോട് പങ്കുവയ്ക്കുന്നതാവട്ടെ മാതൃഭാഷയിലൂടെയുമാണ്. ഇപ്രകാരം ജനിച്ചുവീഴുന്നതിനുമുമ്പുതന്നെ, പുഴകളും കനികളും ഭക്ഷണമൊരുക്കുന്നതിനുമുമ്പുതന്നെ ജീവനാമൃതം നല്‍കുന്നപൊക്കിള്‍ക്കൊടിയായി മാതൃഭാഷ മാറുന്നു. സ്വഭാവരൂപീകരണത്തിന്റെ, സംസ്കാരത്തിന്റെ വേരുകള്‍ പൊടിച്ചുതുടങ്ങുന്നതും ഗര്‍ഭപാത്രത്തില്‍ നിന്നാണെന്നത് ശാസ്ത്രസത്യം. വേരുകള്‍ നഷ്ടമാവുന്ന മനുഷ്യന്‍ പൊങ്ങിക്കിടക്കുന്ന, ഒഴുക്കിനൊപ്പം എവിടേയ്ക്കോ അലഞ്ഞുതിരിയുന്ന പാഴ്വസ്തുവായി മാറുമെന്നും ഇവിടെ വ്യാഖ്യാനിക്കാം. മാതൃഭാഷ നഷ്ടപ്പെടുന്നവന് ഇല്ലാതാവുന്നത് സ്വന്തം വേരുകള്‍ തന്നെയാണ്.

Aug 2, 2012

ഇല്ലിപ്പുട്ട് തിന്നാല്‍ നിലത്തുനില്‍ക്കില്ലത്രേ..!!! - കഥ


വീണ്ടും ഒരു അവധിക്കാലം, മനസ്സിനെയും ശരീരത്തെയും മുരടിപ്പിക്കുന്ന പ്രവാസജീവിതത്തില്‍നിന്നും ചെറിയ ഒരു ഇടവേള, ഈ അവധിയിലെങ്കിലും തറവാട്ടില്‍ പോകണം, പഠനകാലത്തൊക്കെ നഗരത്തിലെ തിരക്കിട്ട ജീവിതചര്യയില്‍നിന്നും ഗ്രാമത്തിലെ തറവാട്ടുവീട്ടിലേക്കുള്ള സുഖമുള്ളയാത്രയെ കുറിച്ചുള്ള ചിന്തകളാണ് ആ അദ്ധ്യയനവര്‍ഷം മുഴുവന്‍. അവിടത്തെ അരയാലും, ആമ്പല്‍കുളവും, പാടങ്ങളും, തോടുകളും, പശുക്കിടാങ്ങളും, നാട്ടുമാവുമൊക്കെ കുട്ടിക്കാലത്ത് ഗ്രാമത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകങ്ങള്‍, പ്രഭാതത്തിലും, പ്രദോഷത്തിലും കളികൂട്ടുകാരോടോത്തു തൊടിയിലെ കളികള്‍, സന്ധ്യയില്‍ കത്തുന്ന നിലവിലക്കിനരുകില്‍ മുത്തശ്ശിക്കഥ കേട്ടുറക്കം ഇതൊക്കെ ശീലങ്ങളാകുമ്പോളേക്കും ഒരു മടക്കയാത്ര. ഉറ്റ കൂട്ടുകാരന്‍ മിഥുനെ പിരിയാനാണ് വിഷമം ഇനിയൊരു കൂടിച്ചേരല്‍ അടുത്ത അവധിക്കാലത്ത്‌ മാത്രം. അന്ന് അവനുപകരം എനിക്ക് ശിക്ഷകിട്ടിയത് ഇന്നുംഞാന്‍ ഓര്‍ക്കുന്നു...
ഇല്ലിക്കാടിനടുത്തു കളിച്ചുകൊണ്ടിരുന്നപ്പോള്‍ മിഥുന്‍ ആണ് കാക്കകൂട്ടിലേക്ക് കല്ലുകളെറിഞ്ഞത്. ഏറുകൊണ്ട് ഒരു കുഞ്ഞു കാക്കയുടെ ചിറകൊടിഞ്ഞു താഴെവീണു. വലിയ ശബ്ദത്തിലുള്ള അതിന്റെ കരച്ചില്‍കേട്ടു നൂറായിരം കാക്കകള്‍ പറന്നുവന്നു ഒച്ചവയ്ക്കാന്‍ തുടങ്ങി. ഒന്നിലധികം കാക്കകള്‍ ഞങ്ങളുടെ തലയിലേക്ക് റാഞ്ചി പറന്നുവന്നു. എല്ലാരും ഓടി വിട്ടിലെ വരാന്തയില്‍ എത്തി. കാക്കകളുടെ ആര്‍ത്തലക്കുന്ന ശബ്ദം കേട്ടു മുത്തശ്ശി ഉമ്മറത്തെത്തി. കല്ലെറിഞ്ഞതിനു മുത്തശ്ശിയെന്റെ ചെവിക്കുപിടിച്ചു തിരുമ്മി, വേദനകൊണ്ട് ഞാന്‍ പുളഞ്ഞുപോയി. അതുകണ്ട് മിഥുനും കൂട്ടരും ഓടിയകന്നു. ഞാനല്ല എറിഞ്ഞതെന്നു പറഞ്ഞെങ്കിലും മുത്തശ്ശിയുടെ വഴക്കുകേട്ടെന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

Jul 26, 2012

രാ,മായണം - കവിത




ഉദിച്ചുയരുന്നൂ വീണ്ടും തമസ്സെഴും മാനത്ത്
ഒരു സ്വാതിതാരകം പ്രകാശമായി
നിറയട്ടെ, മനമിനിയും, കതിരണിയട്ടെ
വയലാകവേ, പിന്നെയീയുലകമാകവേ.
ജ്യോതിസ്സിനെയാകവേ അരിഞ്ഞുവീഴ്ത്തും
കൊലക്കത്തികള്‍ മിന്നല്‍ വീഴ്ത്തിയപ്പോള്‍
പിടഞ്ഞുവീണൊരാ മനസ്സാക്ഷികള്‍
അനാഥരായ് തെരുവിലലഞ്ഞപ്പോള്‍
കഴിഞ്ഞുവോ, എങ്ങും പരന്നുവോ
എവിടെയുമന്ധകാരമെന്നുറക്കെ
നിലവിളികളമര്‍ത്തി, കാതുകള്‍ പൊത്തി
കണ്ണുകളിറുക്കിയടച്ചു ഞങ്ങള്‍
ധൃതരാഷ്ട്രജന്മങ്ങളായ് നിരങ്ങി
'അരുതരുത് ' മന്ത്രങ്ങള്‍ ഏതോ
വിഷക്കൊടുങ്കാറ്റിനാല്‍ പ്രേതാത്മാക്കളായ്
അലഞ്ഞാലിന്മേല്‍ തലകീഴായ്ത്തൂങ്ങിനിന്നു.
ആയിരമിലകളാമന്ത്രമേറ്റുവാങ്ങി
പതുക്കെ നിമന്ത്രണം ചെയ്തുനിന്നു.
ഇനിയില്ല പ്രഭാതമെന്നുറച്ച്
കണ്ണുനീരിനെപ്പോലും അടക്കിവച്ചു
കണ്ണുമൂടിയാശ്ശീലതന്‍ അരികിലൂടരിച്ചേറുകയല്ലോ
ഇത്തിരിവെട്ടത്തിന്‍ ദീപ്തരശ്മി.
മനസ്സിന്റെ ലോലപാളികള്‍ പൊട്ടി
ഒരായിരം വിത്തുകള്‍ പൊങ്ങിപ്പറക്കുന്നു.
പ്രത്യാശതന്‍ നിറങ്ങള്‍ മഴവില്ലുതുന്നിയ
സഹതാപ, അനുതാപ, സ്നേഹ
അപാരകരുണ നിറയുന്നൊരാ
അന്‍പിന്റെ അരുളായ കിരണങ്ങള്‍
ഹാ! ജയിക്ക ജയിക്ക നീ മാനുഷ ചൈതന്യമേ....

മായാദേവി സി.
മലയാളം അദ്ധ്യാപിക
ഗവ. ഹൈസ്ക്കൂള്‍ നാമക്കുഴി
എറണാകുളം

Jul 22, 2012

വിവരവിശകലനത്തിന്റെ പുതുരീതികള്‍ - വര്‍ക്ക് ഷീറ്റ്



പത്താം തരത്തില്‍ ഐ.സി.ടി. കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടത്തക്ക രീതിയില്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ് ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര പുതുപ്പണം വടകര ജെ.എന്‍.എം. ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാളം അദ്ധ്യാപകനായ എന്‍. വി. എം. സത്യന്‍ മാഷാണ് ഈ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്. പത്താം തരത്തിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ രണ്ടാം അദ്ധ്യായമായ 'വിവരവിശകലനത്തിന്റെ പുതുരീതിക'ളുടെ വര്‍ക്ക് ഷീറ്റുകള്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

Jul 18, 2012

ആശംസ - കവിത





താരാഗണങ്ങള്‍ നിന്‍ മിഴികള്‍ക്ക് മുന്നിലെ
ഘോരമാമന്ധകാരത്തെ നീക്കീടുമ്പോള്‍
മേഘപൂരങ്ങള്‍ നിന്നുള്ളിന്റെയുള്ളിലെ
ഊഷരഭൂമിയില്‍ വര്‍ഷത്തെ വീഴ്ത്തിടും

പുഷ്പവൃന്ദങ്ങള്‍ നിന്‍ സദ്ഭാവനയ്ക്കെന്നും
സ്വപ്ന സദൃശമാം തല്പമൊരുക്കിടും
വിഹഗങ്ങള്‍ നിന്‍പ്രേമദൂതുമായ്‌ നീലിച്ച
വിണ്ണിന്റെമാറിലുയര്‍ന്നുപറന്നിടും

വര്‍ണ്ണങ്ങള്‍ നിന്നുടെ ജീവിത ചിത്രത്തില്‍
വര്‍ണ്ണനാതീതമായ് ആളിപ്പടര്‍ന്നിടും
രാഗങ്ങള്‍ നിന്‍ ജീവഗാനത്തിന്‍ ധാരയില്‍
രാഗാര്‍ദ്ര ഭാവങ്ങള്‍ അലിയിച്ചു ചേര്‍ത്തിടും

മന്ദാനിലന്‍ നിന്റെ അന്തരംഗത്തിലെ
മൌനാനുഭൂതികള്‍ക്കാശ്വാസമേകിടും
മഞ്ജുദിവാകര ബിംബം മനസ്സിലെ
മഞ്ഞുമലകള്‍ ഉരുക്കിയൊഴുക്കിടും

രാത്രിതന്‍ തേരിലുയര്‍ന്നുവരും ചന്ദ്ര-
നാളങ്ങള്‍ മനസ്സിന്നിരുട്ടിനെ മാറ്റിടും
സായന്തനങ്ങള്‍നിന്‍ജന്മസൌഭാഗ്യത്തെ
സാര്‍ഥകമാക്കിടാന്‍ സാക്ഷിയായ് നിന്നിടും


അനിതാശരത്
മലയാളം അധ്യാപിക
ഗവ. ഹൈസ്കൂള്‍, കാലടി
തിരുവനന്തപുരം