"ലോലവണ്ടിണ്ടപോലുള്ള വാനിന്‍
നീലിമയിങ്കല്‍ നീരാടുവാനും
വിണ്ണഴകിന്‍ മുഖത്തൂര്‍ന്നുവീഴും
കണ്ണുനീര്‍ ചുംബിച്ചെടുക്കുവാനും
വാനിന്റെ ദിവ്യസന്ദേശമേന്തും
ഗാനം വിവര്‍ത്തനം ചെയ്യുവാനും
അല്ലാതെ ഞാനറിഞ്ഞീലയൊന്നും
അല്ലാതെ ഞാന്‍ പഠിച്ചീലയൊന്നും
പാവനപ്രേമത്തിന്‍ പൂജയാണെന്‍
ജീവിതഗാനപ്രപഞ്ചമെല്ലാം.”
-പി. കുഞ്ഞിരാമന്‍ നായര്‍
ഭാവബിംബങ്ങളും പുരാവൃത്തങ്ങളും കൊണ്ട് സമൃദ്ധമാണ് പി. കുഞ്ഞിരാമന്‍നായരുടെ കവിതകള്‍. അനായാസമായ കവിതാ നിര്‍വ്വചനങ്ങളിലും വ്യവസ്ഥാപിതമായ കവിതാവായനകളിലും ഒതുങ്ങിനില്‍ക്കാത്തതാണ് പി.യുടെ കാവ്യലോകം. കവിതയും ജീവിതവും ഒന്നായി അനുഭവിച്ച പി.യുടെ പ്രകൃതിസൗന്ദര്യത്തിന്റെ വിവര്‍ത്തനമാണ് 'സൗന്ദര്യപൂജ'. എറണാകുളം പരിഷത്തില്‍ വച്ച് വിജയദശമിനാളില്‍ എഴുതിവായിച്ച ഈ കവിത പ്രകൃതികീര്‍ത്തനവും നവരാത്രികീര്‍ത്തനവുമാണ്. പ്രത്യേകമായി ഒരു പ്രമേയം കടന്നുവരാത്ത മുന്നൂറോളം വരികളുള്ള ഈ കവിതയില്‍ പ്രകൃതിയ്ക്ക് മാനുഷികഭാവം കൈവരുന്നുണ്ട്. വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ മാനുഷികഭാവങ്ങളുടെ സങ്കലനമായി കവിത പരിണമിക്കുന്നു. സുദീര്‍ഘമായ ഈ കവിതയുടെ ഭാവത്തിന് കോട്ടംവരാത്തവിധം വെട്ടിയൊരുക്കിയ ഏതാനും വരികള്‍മാത്രമാണ് പാഠപുസ്തകത്തിലെ 'സൗന്ദര്യപൂജ'.
പൂപ്പൊലിപ്പാട്ടുകളാലും പൂക്കളങ്ങളാലും നിറഞ്ഞുനിന്ന ചിങ്ങമാസത്തിന്റെ വേര്‍പാടിലാണ് കവിതയുടെ തുടക്കം. ഓണപ്പൂക്കളങ്ങളുടെ വര്‍ണ്ണവൈവിദ്ധ്യവും പ്രഭാതസന്ധ്യയുടെ വര്‍ണ്ണവിസ്മയവും ഇവിടെ മേളിക്കുന്നു. ആകാശവും പ്രകൃതിയും നിറക്കൂട്ടുകള്‍ ചേര്‍ത്ത് ഒന്നാകുന്ന സൗന്ദര്യമേളനം പ്രപഞ്ചസൗന്ദര്യമായി ഒളിചിതറുന്നു. അകലെനിന്ന് അണിഞ്ഞൊരുങ്ങിവരുന്ന സുപ്രഭാതത്തിന്റെ പദവിന്യാസത്തിന് പി. എന്നും കാതോര്‍ത്തിരുന്നു.






