എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 15, 2012

എന്റെ സ്ക്കൂള്‍ ദിനങ്ങള്‍ ഭാഗം മൂന്ന് - അസീസ് കെ. എസ്.




War Against Public Schools
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ കുത്തകകള്‍ തക൪ത്തതെങ്ങനെ?
-അസീസ് കെ. എസ്.
കാനഡ‌യും അമേരിക്ക‌യും ഉള്‍പ്പെടുന്ന‌ നോ൪ത്ത് അമേരിക്ക‌യിലെ പൊതുവിദ്യാഭ്യാസ‌ത്തെക്കുറിച്ച് നിങ്ങ‌ളോടു പ‌റ‌യുവാന്‍ പ‌ല‌തുമുണ്ട്. എന്തിനുമേതിനും അമേരിക്കയെ നോക്കിയിരിക്കുന്ന, അമേരിക്കന്‍ നയങ്ങള്‍ക്കടിമപ്പെടുന്ന, മന്‍മോഹന്‍ജി ഭരിക്കുന്ന ഇന്ത്യയില്‍ അമേരിക്കയിലെ ഇന്നത്തെ വിദ്യാഭ്യാസം നാളെ നമ്മുടെ വിദ്യാഭ്യാസമായി മാറുമ്പോള്‍, അമേരിക്കയിലെ വിദ്യാഭ്യാസ വ്യവസ്ഥിതി എങ്ങിനെയെന്ന് അവശ്യം നാം അറിഞ്ഞിരിക്കേണ്ട സംഗതിയാണെന്നു തോന്നുന്നു. അമേരിക്കന്‍ പൊതുവിദ്യാഭ്യാസത്തിന് നീണ്ട പോരാട്ടങ്ങളുടെ ചരിത്രമുണ്ട്. ആദ്യം അത് അടിമ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. പിന്നീട് കറുത്തവ൪ക്ക് തുല്യമായ അവസരങ്ങള്‍ക്കുവേണ്ടിയുള്ള കലാപമായി, സ്ത്രീവിമോചന സമരങ്ങളായി. നൂറ്റാണ്ടുകള്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് അമേരിക്കയില്‍ സാ൪വ്വത്രികമായ വിദ്യാഭ്യാസം രൂപം കൊണ്ടത്. കറുത്തവനും ഇടതുപക്ഷ ലിബറല്‍ ചിന്താഗതിക്കാരായ വെളുത്തവനും ചേ൪ന്നു നടത്തിയ നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ് സ‌മ൪ത്ഥരായ അദ്ധ്യാപക൪ നല്കുന്ന ഏറ്റവും മികച്ച സൌജന്യമായ പൊതുവിദ്യാഭ്യാസം ഗവണ്മെണ്ടിന്റെ ചുമതലയായി ഭരണഘടനയില്‍ എഴുതിച്ചേ൪ക്കപ്പെട്ടത്. ഓരോ പൌരനും സംസ്ഥാനം നല്കുന്ന മികച്ചതും സൌജന്യവുമായ വിദ്യാഭ്യാസത്തിനവകാശമുണ്ട് പൊതുവിദ്യാഭ്യാസമായിരുന്നു ലോകത്തിലെവിടേയും ജനാധിപത്യസമൂഹങ്ങളുടെ അടിത്തറ. ഇതിന്റെ ഫലമായി അടിസ്ഥാനവ൪ഗ്ഗങ്ങളുടെ ജീവിതം ലോകത്തിലെല്ലായിടത്തും മെച്ചപ്പെട്ടു. കേരളത്തിലും അത്തരം സാമൂഹ്യസമരങ്ങള്‍ നടന്നിട്ടുണ്ട്. ദരിദ്രരായ ലക്ഷക്കണക്കിനു ജനങ്ങള്‍ അവരുടെ ജീവിതം മെച്ച‌പ്പെടുത്തി. കെ ആ൪ നാരായണനേയും എപിജെ കലാമിനേയും പോലുള്ളവ൪ ഇന്ത്യയുടെ ഏറ്റവും ഉയ൪ന്ന സ്ഥാനങ്ങളിലെത്തി.
ഇത് അമേരിക്കയുടെ പഴയ കഥ.ഈ കഥയാണ് കോ൪പറേറ്റ് മുതലാളിത്വത്തിന്റെ ഏജന്റുമാരായ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇപ്പോള്‍ തക൪ത്തുകൊണ്ടിരിക്കുന്നത്. നവകണ്‍സ൪വേറ്റിവ് ആയ റൊണാള്‍ഡ് റീഗന്‍ 1981 ല്‍ തുടങ്ങിവച്ച സ്കൂള്‍ സ്വകാര്യവല്‍ക്കരണം ജോ൪ജ്ജ് ബുഷ് ഒന്നാമനിലൂടെ, ബില്‍ ക്ലിന്റെനിലൂടെ ജോ൪ജ്ജ് ബുഷ് രണ്ടാമനിലൂടെ ഒബാമയിലൂടെ തുടരുകയാണ്. അമേരിക്ക നല്കുന്ന മികച്ച വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി കെനിയയില്‍ നിന്നു വന്ന ബറാക് ഹുസൈന്‍ ഒബാമ ഒന്നാമന്റെ മകനായ ഈ ബറാക് ഹുസൈന്‍ ഒബാമ രണ്ടാമന്‍ പൊതുവിദ്യാഭ്യാസത്തെ തക൪ക്കുന്നതിന് കോ൪പറേറ്റിസത്തിന്റെ ചട്ടുകമാകുന്നുവെന്നത് ചരിത്രത്തിന്റെ വിചിത്രമായ ഗതി.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപക൪
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിവര്‍ഗ്ഗമേതാണെന്നു ചോദിച്ചാല്‍ ധ്രുവത്തിനടുത്തു താമസിക്കുന്ന എനിക്കത് പോളാ൪ കരടികളാകും. നിങ്ങള്‍ക്കോ? സിംഹവാലന്‍ ആകും. പക്ഷേ ഇവിടെ വംശനാശം തുടങ്ങിക്കഴിഞ്ഞതും അവിടെ അധികം വൈകാതെ സംഭവിക്കുന്നതുമായ ഒരു ജീവിവ൪ഗ്ഗമുണ്ട്. അത് അദ്ധ്യാപകരാണ്. അദ്ധ്യാപകരേയും അദ്ധ്യാപക സംഘടനകളേയും സ്കൂളില്‍ നിന്നിറക്കി എങ്ങിനെ പിണ്ഡം വയ്ക്കാമെന്ന് അനേക വ൪ഷങ്ങളായി വിദ്യാഭ്യാസ മുതലാളിമാരും രാഷ്ട്രീയക്കാരും ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികളും സ്കൂളുമൊക്കെ ഉള്ള കാലത്തോളം അത് നടക്കില്ല. അതിനു അവര്‍ കണ്ടുപിടിച്ച വിദ്യ സ്കൂള്‍ തന്നെ ഇല്ലാതാക്കുക എന്നതാണ്. ഇത് അദ്ധ്യാപകരോടുള്ള എന്തെങ്കിലും വൈരം കൊണ്ടല്ല. പുതിയ വിദ്യാഭ്യാസരംഗത്ത് അവ൪ കാണുന്ന നിക്ഷേപസാദ്ധ്യത അത്രയ്ക്കാണ്.

Oct 2, 2012

സൂര്യകാന്തി - കവിതയുടെ ദൃശ്യാവിഷ്കാരം


    ഒന്‍പതാം തരത്തിലെ സൂര്യകാന്തി എന്ന പാഠഭാഗത്തെ ആസ്പദമാക്കി കൂമ്പന്‍പാറ ഫാത്തിമ മാതാ ഹൈസ്ക്കൂളിലെ മലയാളം അദ്ധ്യാപിക സിസ്റ്റര്‍ ദയ തെരേസ് തയ്യാറാക്കിയ ഒരു വീഡിയോ ആണിത്. മുക്കുടം ഗവ. ഹൈസ്ക്കൂളിലെ ജിജോ എം. തോമസ് മാഷാണ് ഈ വീഡിയോ വിദ്യാരംഗത്തിലേയ്ക്ക് അയച്ചുതന്നത്.‌

Sep 25, 2012

കനിയാത്ത കര്‍ക്കിടകം






വഴിമാറി നില്‍ക്കുന്നു മിഥുനം പതുക്കവേ
കര്‍ക്കിടക്കാറിനെ കാണാന്‍ തിടുക്കമായ്
ധരണിയുമാശിച്ചുനില്‍ക്കുന്നു ചാരത്ത്
കര്‍ക്കിടകം വരാനെന്തിത്ര താമസം

പച്ചിലച്ചാര്‍ത്തുകളണിയേണ്ട പൃഥ്വിയും
വിങ്ങിക്കരയുന്നു മഞ്ഞളിച്ചങ്ങനെ
കരിവണ്ടുപോലൊത്ത മഴമുകില്‍ക്കൂട്ടങ്ങ-
ളര്‍ക്കനെപ്പേടിച്ചു ദൂരെയൊളിച്ചുവോ

കരിനാഗം പോലങ്ങു ചീറ്റേണ്ട പേമാരി-
യലസനായെവിടെയോ പോയിക്കിടക്കുന്നു
കര്‍ക്കിടക്കാലത്തു പാടുന്ന വേഴാമ്പല്‍
ദാഹിച്ചിരിക്കുന്നു പൂമരക്കൊമ്പിലായ്

കരകവിഞ്ഞൊഴുകേണ്ട തോടും പുഴകളും
കരിമണല്‍ക്കൂമ്പാരമായി പതുക്കവേ
മഴമുത്തു വാരേണ്ട ചേമ്പിലക്കൂട്ടവും
തലതാഴ്ത്തിനില്‍ക്കുന്നു നീളെ തൊടിയിലായ്

സൂര്യനെത്തിരയേണ്ട കര്‍ക്കിടക്കാലത്ത്
സൂര്യന്‍ ജ്വലിച്ചങ്ങു നില്‍ക്കുന്നു മാനത്ത്
പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യേണ്ട പുഴയിന്ന്
കൊയ്ത്തുകഴിഞ്ഞൊരു പാടം പോല്‍ ശൂന്യമായ്

മരതകപ്രഭയാല്‍ ചിരിക്കേണ്ട ഞാറുകള്‍
വാടിക്കരിയുന്നു കര്‍ക്കിടച്ചൂടിനാല്‍
കസ്തൂരി പൂശേണ്ട കൊച്ചുവരമ്പുകള്‍
മാരിയെ കാണാഞ്ഞു മാനത്തുനോക്കുന്നു

ആടിത്തിമിര്‍ക്കേണ്ട മയിലിന്റെ കൂട്ടവും
വാര്‍മേഘം കാണാഞ്ഞു കണ്ണീരുവാര്‍ക്കുന്നു
മഴയത്തു താളത്തില്‍ കരയുന്ന തവളകള്‍
മഴയില്ലാക്കാലത്തെ മെല്ലെ ശപിക്കുന്നു

വെറ്റിലച്ചെല്ലമെടുത്തൊരു മുത്തശ്ശി
പല്ലില്ലാമോണയും കാട്ടിപ്പറയുന്നു
പഴമകളൊന്നായ് മാഞ്ഞങ്ങു പോയല്ലോ
കര്‍ക്കിടവുമതിന്‍ കൂടെയിറങ്ങിയോ

ഗിരിജ ടി (ഹിന്ദി അധ്യാപിക)
കല്ലടി എച്ച് എസ് എസ് 
കുമരംപുത്തൂര്‍ , പാലക്കാട് 


Sep 15, 2012

മുരിഞ്ഞപ്പേരീം ചോറും - പാഠവിശകലനം



-->
പത്താംതരം കേരളപാഠാവലിയിലെ മുരിഞ്ഞപ്പേരീം ചോറും എന്ന പാഠഭാഗം വിശകലനം ചെയ്യുന്നതിന് സഹായകമാകുന്ന ഒരു പ്രസന്റേഷനാണിത്. കലകള്‍ സമൂഹത്തിലെ ചാലകശക്തികളാകുന്നതെങ്ങനെയെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഈ പാഠത്തിന്റെ വിനിമയത്തിലൂടെ സാധിക്കുമല്ലോ. പ്രാചീനകാലം മുതല്‍ കേരളീയദൃശ്യകലകള്‍ക്ക് സമൂഹത്തോടുണ്ടായിരുന്ന പ്രതിബദ്ധത കൂടിയാട്ടത്തിലെ വിദൂഷകഭാഷണത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാം. സമൂഹത്തിലെ ഏതു തലത്തിലും തരത്തിലുമുള്ള അപചയങ്ങളെ പരിഹസിക്കുന്നതിനും അവയെ തിരുത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും കൂടിയാട്ടത്തിലെ വിദൂഷകനു കഴിഞ്ഞിരുന്നു. പാഠത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിദൂഷകഭാഷണത്തിലെ ഓരോ ഭാഗവും എങ്ങനെയാണ് അതിന്റെ സാമൂഹികധര്‍മ്മം നിറവേറ്റുന്നത് എന്നകാര്യം തീര്‍ച്ചയായും ക്ലാസ്സ് മുറികളില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. അതിന് ഈ പ്രസന്റേഷന്‍ സഹായകമാകുമെന്ന് കരുതുന്നു.

Sep 7, 2012

ചിത്രം വരയുന്ന പെണ്‍കുട്ടി - കവിത



വെളുത്ത കടലാസില്‍
കറുത്ത മഷികൊണ്ട്
പൂ വരച്ചവള്‍.
പൂവിനെ ചുറ്റിപ്പറക്കുന്നു
പൂവിന്റെ തേന്‍ നുകരുന്നു
നിറമില്ലാത്ത പൂമ്പാറ്റ.

പൂവിനെക്കാളും വലിപ്പമുണ്ട്
അവള്‍ വരച്ച പൂമ്പാറ്റയ്ക്ക്.
കറുത്ത ചിറകുകള്‍ക്ക്
വെളുത്ത പുള്ളികള്‍
വെളുത്ത ചിറകുകള്‍ക്ക്
കറുത്ത പുള്ളികള്‍.

അവളുടെ കുഞ്ഞുടുപ്പിന്റെ
പിന്നിക്കീറിയ പൂവില്‍
ഒരു പൂമ്പാറ്റയുണ്ട്
മഞ്ഞനിറമുള്ള കുഞ്ഞിപ്പൂമ്പാറ്റ.
അതിനെപ്പിടിച്ച്
ഇടയ്ക്കൊക്കെ
കാറ്റില്‍ പറത്താറുണ്ടവള്‍.

കാറ്റില്‍ പറന്ന്
ആകാശം കണ്ടിറങ്ങി
പാവാടയിലെ പൂവില്‍
വീണ്ടും ചെന്നെത്താറുണ്ട്.

അഭിലാഷ് എം.,
മലയാളം അദ്ധ്യാപകന്‍,
ഗവ. എച്ച്. എസ്. എസ്. എട്നീര്‍,
കാസറഗോഡ്